Wednesday, January 12, 2022

ഇസ്ലാമിക് ഫെമിനിസം;ഒരു പുനർവായന -3


വഴിവിട്ട പുരോഗമനവാദം ;ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്?!



തുല്യനീതി  എന്ന് പൊതുവിൽ  അർത്ഥമുള്ള ഫെമിനിസം ഇടക്കാലത്തെപ്പോഴോ സ്ത്രീ-ശാക്തീകരണത്തിന്റെ , വിമോചനത്തിന്റെ അർത്ഥ തലങ്ങളിലേക്കു വഴിമാറി. പത്തൊമ്പതാം നൂറ്റാണ്ടിലെ ധൈഷണിക പ്രവണതകളുടെ ഫലമായി രൂപം കൊണ്ട  നവോത്ഥാന പ്രസ്ഥാനങ്ങളിൽ സുപ്രധാനമായ ഒന്നായിരുന്നു ഫെമിനിസ്റ്റ് പ്രസ്ഥാനം. സ്ത്രീക്ക് വോട്ടവകാശം നൽകണമെന്നും ഭാര്യയുടെയും സന്താനങ്ങളുടെയും മേൽ ഭർത്താവിനുള്ള അധികാരത്തെ ഉച്ചാടനം ചെയ്യണമെന്നുമായിരുന്നു അക്കാലത്തെ ഫെമിനിസ്റ്റുകളുടെ വാദം. എന്നാൽ പിന്നീട് ഗർഭഛിദ്രത്തിനുള്ള അവകാശം, സ്വത്തവകാശം തുടങ്ങി പല ആശയങ്ങളിലേക്കുമത് വ്യാപിച്ചു. എത്രത്തോളമെന്നാൽ പുരുഷനും സ്ത്രീയുമെന്ന ലൈംഗിക ചട്ടത്തെ മാറ്റി നിർത്തി എന്ത് കൊണ്ട് സ്ത്രീയും സ്ത്രീയും പരസ്പരം ലൈംഗിക ജീവിതം നയിച്ചു കൂടെന്ന ആശയത്തെ സധൈര്യം ഉറക്കെ പ്രഖ്യാപിച്ച ലെസ്ബിയൻ ഫെമിനിസ്റ്റുകൾ വരെ അതിനിടെ പിറവി കൊണ്ടു.ചുരുക്കത്തിൽ 'പുരുഷ മേൽക്കോയ്മ'യാൽ സ്ത്രീ അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ- ലൈംഗിക ' അനീതി'കൾക്കെതിരെയുള്ള തേരോട്ടമായിരുന്നു ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ .അവക്കിടയിലായ് രൂപം കൊള്ളുകയും ശീഘ്രഗതിയിൽ വളർച്ച പ്രാപിക്കുകയും ചെയ്ത ഒന്നായിരുന്നു ഇസ്ലാമിക് ഫെമിനിസം. ഇസ്ലാമോഫോബിയയുടെ  വകഭേങ്ങളിലൊന്ന് തന്നെയാണ് ഇസ്ലാമിക് ഫെമിനിസം എന്ന യാഥാർത്ഥ്യം ബോധ്യപ്പെടുത്തുന്ന ചില ചരിത്ര വസ്തുതകളുണ്ട്.

     വർഷങ്ങൾക്കപ്പുറം, സ്പെയ്ൻ ഇസ്ലാമിന്റെ അധീനതയിലായിരിക്കെ അവിടത്തെ ഭരണാധികാരിയായിരുന്ന അബ്ദു റഹ്മാനിൽ ഗാഫിഖീ യൂറോപ്പിന്റെ പല ഭാഗങ്ങളിലേക്കുമുള്ള തന്റെ അധിനിവേശ പടയോട്ടങ്ങൾക്കിടെ ഒരിക്കൽ മുസ്ലിങ്ങളുമായി സന്ധിയിലായിലേർപ്പെട്ടിരുന്ന ഫ്രാൻസിലെ അമുസ്ലിം നേതാക്കന്മാരിലൊരാളുമായി ഒരു കൂടിക്കാഴ്ച്ച നടത്തി. ആ കൂടിക്കാഴ്ച്ചക്കിടെ അദ്ദേഹം ചോദിച്ചു: - " നിങ്ങളുടെ ഭരണത്തലവനായ ചാർലി ചക്രവർത്തി, എന്തുകൊണ്ടാണ് ഞങ്ങൾക്കെതിരെ യുദ്ധം ചെയ്യാത്തതും ഞങ്ങൾക്കെതിരെയുള്ള യുദ്ധത്തിൽ നാട്ടുരാജാക്കന്മാരെ സഹായിക്കാത്തതും?" ഇതു കേട്ടപ്പോൾ അദ്ദേഹം പറഞ്ഞു: ഓ അമീർ, തീർച്ചയായും നിങ്ങൾ ഞങ്ങളോട് ചെയ്ത കരാറുകളെല്ലാം പൂർത്തീകരിച്ചിട്ടുണ്ട് എന്നിരിക്കെ നിങ്ങൾ ചോദിക്കുന്ന കാര്യങ്ങൾക്ക് സത്യസന്ധമായി ഞങ്ങൾ മറുപടി പറയൽ ഞങ്ങൾക്ക് നിങ്ങളോടുള്ള ബാധ്യതയാണ്. നിങ്ങളുടെ മഹാനായ നേതാവ് മൂസ ബ്നു നുസൈർ  സ്പെയ്ൻ മുഴുവൻ തന്റെ കൈ പിടിയിലൊതുക്കുകയും സ്പെയ്നിനെയും ഞങ്ങളുടെ സുന്ദരമായ നാടിനെയും വേർതിരിക്കുന്ന ബെർണീസ് പർവ്വത നിരകൾ വിട്ടു കടക്കാൻ ഉദ്ദേശിക്കുകയും ചെയ്തപ്പോൾ നാട്ടുരാജാക്കന്മാരും പാതിരിമാരും ഞങ്ങളുടെ മഹാനായ ചക്രവർത്തിയുടെ അടുക്കൽ ഒരുമിച്ചു കൂടി. എന്നിട്ട് പറഞ്ഞു: പ്രഭോ ,നമുക്കും നമ്മുടെ വരും തലമുറക്കും എന്തൊരപമാനമാണ് വന്നെത്തിയിരിക്കുന്നത്.മുസ്ലിമീങ്ങളെക്കുറിച്ച് നാം കേട്ടറിഞ്ഞിരുന്നു. കിഴക്ക് ഭാഗത്ത് നിന്ന് അവർ നമ്മിലേക്ക് ചാടി വീഴുമെന്നാണ് നമ്മൾ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അവരിതാ പടിഞ്ഞാറിൽ നിന്ന് തന്നെ നമ്മിലേക്കെത്തിയിരിക്കുന്നു. ആൾബലവും ആയുധബലവും അങ്ങേയറ്റം കുറവാണവർക്ക്. എത്രത്തോളമെന്നാൽ വാളുകളുടെ വെട്ടിൽ നിന്ന് സംരക്ഷണം നേടാനുള്ള അങ്കിയോ  രണാങ്കണത്തിൽ പടയോട്ടം നടത്താനുള്ള കുതിരയോ അവരിൽ പലരുടെയും പക്കലില്ല. എന്നിട്ടും

 സ്പെയ്നിനെ മുഴുവൻ അവർ അധീനതയിലാക്കി. സ്പെയ്നുകാരെയും നമ്മെയും വേർതിരിക്കുന്ന പർവ്വത ശൃംഖലകളുടെ ഉച്ചിയിലെത്തിയിരിക്കുന്നു അവർ."  അത് കേട്ട് ചക്രവർത്തി അവരോട് പറഞ്ഞു: "നിങ്ങൾക്ക് വന്നെത്തിയ ഈ അവസ്ഥയെ പറ്റി ഞാനേറെ ചിന്തിച്ചിട്ടുണ്ട്. അതേ പറ്റി ദീർഘവീക്ഷണം നടത്തിയപ്പോൾ എനിക്ക് തോന്നിയത് ഈ സാഹചര്യത്തിൽ അവരുടെ ഈ കുതിച്ചു ചാട്ടത്തിനെ എതിർക്കാതിരിക്കലാണു നല്ലത്. ഇപ്പോൾ അവർ ഉയർന്നു പൊങ്ങിയ ഒരു പ്രളയം പോലെയാണ് അതിന്റെ വഴിയിൽ തടസ്സമായി നിൽക്കുന്നതിനെയെല്ലാം അത് കടപുഴക്കിയെറിഞ്ഞ് അതിന്റെ കൂടെ കൊണ്ടു പോകും. അതുദ്ദേശിക്കുന്ന സ്ഥലത്ത് അവയെ ഉപേക്ഷിക്കുകയും ചെയ്യും. തീർച്ചയായും ഇക്കൂട്ടർ ശക്തമായ വിശ്വാസവും ദൃഢനിശ്ചയവും പുലർത്തുന്നവരാണെന്ന് കൂടി ഞാൻ മനസ്സിലാക്കുന്നു. അതുണ്ടാകുമ്പോൾ ആൾബലവും ആയുധബലവും അവർക്കാവശ്യമില്ല.അശ്വവ്യൂഹത്തിനും അങ്കികൾക്കും പകരും നിൽക്കുന്ന വിശ്വാസവും സത്യസന്ധതയുമാണ് അവരുടെ മുതൽക്കൂട്ട് .അതിനാൽ അവരുടെ കരങ്ങൾ യുദ്ധ മുതലുകളാൽ നിറയും വരെ നിങ്ങൾ സാവകാശം കാണിക്കുക. അങ്ങനെ സംഭവിച്ചാൽ അവർ തങ്ങൾക്ക് വേണ്ടി കൊട്ടാരകൊട്ടത്തളങ്ങൾ പണിയുകയും അടിമസ്ത്രീകളെയും ഭൃത്യന്മാരെയും അധികരിപ്പിക്കുകയും ചെയ്യും. അങ്ങനെ അധികാരത്തിന് വേണ്ടി അവർ പരസ്പരം മത്സരിക്കും. ആ സമയത്ത് നിങ്ങൾക്കവരെ എളുപ്പമാർഗത്തിലൂടെ കുറഞ്ഞ പരിശ്രമം കൊണ്ട് കീഴടക്കാം." അത് കേട്ട് അബ്ദുറഹ്മാനുൽ ഗാഫിഖീ കഠിന ദുഃഖഭാരത്താൽ തലത്താഴ്ത്തി.അദ്ദേഹം ദീർഘമായൊന്ന് നിശ്വസിച്ചു. ചാർലി ചക്രവർത്തിയുടെ ഈ പ്രവചനം പുലരാൻ അധികകാലം വേണ്ടി വന്നില്ല. യൂറോപ്പിൽ ഇസ്ലാമിക സാമ്രാജ്യത്തിനൊരു വൻ തകർച്ച തന്നെ വൈകാതെ നേരിടേണ്ടി വന്നു.ചുരുക്കത്തിൽ ഇസ്ലാമോഫോബിയ തലക്കു പിടിച്ചവരെല്ലാം കാത്തിരുന്നതും കെണികളൊരുക്കിതും മുസ്ലിം സമുദായത്തിന്റെ വിശ്വാസദൃഢതക്ക് ഇളക്കം സൃഷ്ടിക്കാനായിരുന്നുവെന്ന് മനസ്സിലാക്കാം.

                 മധ്യനൂറ്റാണ്ടിലെ ഇസ്ലാമിന്റെ അത്യപൂർവ്വമായ വളർച്ചയും മുന്നേറ്റവും പാശ്ചാത്യ ലോകത്തെ ക്രിസ്ത്യൻ പാതിരിമാരെ ഭയപ്പെടുത്തി .1096 ൽ പോപ്പിന്റെ ആഹ്വാനത്തോടെ നടന്ന കുരിശുയുദ്ധത്തിൽ സ്വലാഹുദ്ധീൻ അയ്യൂബിയുടെ നേതൃത്വത്തിലുള്ള മുസ്ലിം സൈന്യം വിജയത്തേരിലേറിയപ്പോൾ ആയുധബലം കൊണ്ട് മുസ്ലിങ്ങളെ കീഴ്പ്പെടുത്താനാവില്ലെന്ന് മനസ്സിലാക്കിയ ശത്രുക്കൾ അവരെ തുരത്താൻ തിരഞ്ഞെടുത്ത മാർഗമായിരുന്നു ഓറിയന്റലിസം. യൂറോപ്യന്മാരുടെ  ഇസ്ലാമാശ്ലേഷണത്തെ തടയാൻ അവരുടെ മനസ്സിൽ ഇസ്ലാമിനെ വികലമായി ചിത്രീകരിക്കുക, മുസ്ലിങ്ങളുടെ മനസ്സിൽ വേരുറച്ച വിശ്വാസത്തിന് ഇളക്കം സൃഷ്ടിക്കുക എന്നിവയായിരുന്നു അതിന്റെ അടിസ്ഥാന പദ്ധതികൾ. ഇതിനായി അവർ ഇസ്ലാമിനെക്കുറിച്ച് ആഴത്തിലുള്ള പഠനം നടത്തി. മതനിയമങ്ങളെ സംബന്ധിച്ച് സംശയമുളവാക്കുന്ന ചിന്താധാരകൾ മുസ്ലിം സമുദായത്തിന്റെ അകത്തളങ്ങളിലേക്കെറിഞ്ഞ് കൊടുത്തു. മുസ്ലിം ലോകത്ത് തങ്ങളുടേതായ യൂണിവേഴ്സ്റ്റികൾ സ്ഥാപിച്ച് മുസ്ലിമീങ്ങളിൽ നിന്ന് തന്നെ ഇത്തരം 'പുരോഗമന'വാദികളെ അവർ പാലൂട്ടി വളർത്തി. ഇസ്ലാമിന്റെ അടിസ്ഥാനം തന്നെ തകർത്തെറിയലായിരുന്നു അവരുടെ ആത്യന്തിക ലക്ഷ്യം. കാരണം അവർക്കറിയാമായിരുന്നു, ദൃഢവിശ്വാസമാണ്, അതിരു കടന്ന ആത്മീയതയാണ് ഇസ്ലാമിന്റെ വിജയരഹസ്യമെന്ന്.

          മുസ്ലിം സമുദായത്തെ ഒന്നടങ്കം കടപുഴക്കാനുള്ള മാർഗം അവരുടെ വിശ്വാസങ്ങളിൽ, ചിന്തകളിൽ വിഷാംശം കലർത്തലാണെന്ന് മനസ്സിലാക്കിയ  ശത്രു സൈന്യം പുറത്തെടുത്ത ആയുധങ്ങളിൽ മറ്റൊന്നായിരുന്നു ഇസ്ലാമിക് ഫെമിനിസം. ഓറിയന്റലിസത്തിന്റെ തുടർച്ചയെന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. ആമിനാ വദൂദ്, ഫാത്തിമാ മെർനീസി, അസ്മാ ബർലാസ് തുടങ്ങിയവർ ഈ പ്രസ്ഥാനത്തിന്റെ ആർജവമുള്ള വാക്താക്കളാണ്.തൊണ്ണൂറുകള്‍ക്കു ശേഷം ചര്‍ച്ച ചെയ്യപ്പെട്ട ഇസ്ലാമിക് ഫെമിനിസ്റ്റു ആശയങ്ങളിൽ ഏറെ വായിക്കപ്പെട്ടത് ആമിനാ വദൂദിന്റെ ചിന്തകള്‍ ആയിരുന്നു. ഖുർആൻ ഒരിക്കലും പുരുഷ കേന്ദ്രീകൃതമല്ലെന്നും ഭാര്യ ഭർത്താവിന് കീഴൊതുങ്ങി ജീവിക്കണമെന്ന് ഖുർആൻ ഒരിക്കലും കൽപിക്കുന്നില്ലെന്നും തന്റെ വ്യാഖ്യാനപാടവത്തിലൂടെ അവർ കണ്ടെത്തി.'Qur’an and Women : Rereading the Sacred Text from a Woman’s Perspective' എന്ന തന്റെ പുസ്തകത്തിലൂടെ ഖുർആൻ വ്യാഖ്യാതാവായി അവർ സ്വയം ചമയുകയായിരുന്നു.എന്നാൽ ഖുർആനിന്റെ ഏറ്റവും കൃത്യതയുള്ള വ്യാഖ്യാനമായി മുസ്ലിം ലോകം പരിഗണിക്കുന്ന ഹദീഥിനെ പാടെ തള്ളിക്കളയുന്ന പ്രസ്താവനകളാണ് ആമിന വദൂദ് നടത്തിയത്.തന്റെ ആശയം വായനക്കാർക്ക് മുമ്പിൽ തെളിയിക്കാൻ അതിലുപരി അടിച്ചേൽപ്പിക്കാൻ ഹദീഥിനെ തള്ളിപ്പറയേണ്ടി വന്നു അവർക്ക് എന്നതാണ് വാസ്തവം.

      മുസ്ലിം സ്ത്രീക്ക് പുരുഷനു തുല്യമായ അവകാശങ്ങൾ വാദിച്ച് കൊണ്ട് രൂപം കൊണ്ട ആശയങ്ങളും രചിക്കപ്പെട്ട പുസ്തകങ്ങളുമെല്ലാം ഇസ്ലാമിനെ തകർക്കാനായി  പിറവി കൊണ്ട ഓറിയന്റലിസത്തിൻ്റെ തുടർച്ചയായിരുന്നുവെന്ന് വേണം പറയാൻ.ലൈലാ അഹ്മദിന്റെ Women and Gender in Islam, ഫാത്വിമ മെർനീസിയുടെ The Veil and Male Elite: A Feminist Interpretation of Islam തുടങ്ങിയ ഗ്രന്ഥങ്ങളെല്ലാം സമാനമായ ചിന്താഗതിയാണ് അവതരിപ്പിക്കുന്നത്.   'ലിംഗസമത്വ' നിഷേധം അഥവാ ഇസ്ലാമിലെ പുരുഷ മേൽക്കോയ്മ, ബഹുഭാര്യത്വം, പർദ്ദയും ഹിജാബുമുൾക്കൊള്ളുന്ന വസ്ത്രധാരണം, സാക്ഷിത്വം, വിവാഹ മോചനാവകാശം എന്നിവയിലെ വിവേചനം, കുഞ്ഞുങ്ങളെ പ്രസവിക്കലും പാലൂട്ടി വളർത്തുന്നതിലുമുള്ള അസമത്വം തുടങ്ങി അവർ ഇസ്ലാമിനെതിരെ ഉന്നയിക്കുന്ന ഓരോ വാദങ്ങളിലുമുള്ള അബദ്ധങ്ങൾ ചിന്താശേഷിയുള്ളവർക്ക് തിരിച്ചറിയാൻ സാധിക്കുന്നതത്രേ. സ്ത്രീയും പുരുഷനും തമ്മിലുള്ള കേവല അന്തരം പോലും പരിഗണിക്കാതെ ഇവർ വിളമ്പുന്ന ഈ വിഡ്ഢിത്തരങ്ങൾക്ക് മറുപടി നൽകേണ്ടത്  ആണെഴുത്തുകളല്ല, മറിച്ച് ആർജവമുള്ള പെണ്ണെഴുത്തുകളാണെന്നതാണ് വാസ്തവം.


(തുടരും)

Monday, July 20, 2020

ഇസ്ലാമിക് ഫെമിനിസം ഒരു പുനർവായന - 2




ഇസ്ലാമോഫോബിയയുടെ വകഭേദങ്ങൾ; ചരിത്രം പരതുമ്പോൾ...

Raseena Wafiyya Thathrampally

"Adovcacy of  eaquality of the sexes and the establishment of the political, social and economic rights of the female sex;the movement associated with this -ലിംഗസമത്വത്തിനും സ്ത്രീകളുടെ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ അവകാശങ്ങൾക്ക് വേണ്ടിയുമുള്ള വാദം; അതുമായി ബന്ധപ്പെട്ട പ്രസ്ഥാനം " Oxford dictionary യിൽ 'feminism ' എന്ന പദത്തിൻ്റെ meaning ഇപ്രകാരം കാണാം. അതെ, ഫെമിനിസം എന്ന ആശയത്തിൻ്റെ ഉത്ഭവം തന്നെ അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ നിന്നായിരുന്നു.സ്ത്രീക്ക് ഒരു മൂല്യവും കൽപ്പിക്കാതെ അവളെ ഒരു ലൈംഗികോപാധിയായി മാത്രം ദർശിച്ച സമൂഹത്തിന് നേരെ അത് വരെ മൗനം പാലിച്ചിരുന്നവൾ  ഒന്ന് ശബ്ദിക്കാനുള്ള ശ്രമം നടത്തിയപ്പോൾ അവിടെ ഫെമിനിസമെന്ന പ്രസ്ഥാനം രൂപം കൊണ്ടു.നിഷേധിക്കപ്പെട്ട നീതിക്ക് വേണ്ടിയുള്ള ശബ്ദമായിരുന്നു അത് തുടക്കത്തിലെങ്കിലും പതിയെ അത് പുരുഷവർഗത്തോടുള്ള കൊടിയ ശത്രുതയായി പരിണമിച്ചുവെന്ന് വേണം പറയാൻ. പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലുമായി ആവിർഭവിച്ച ഫെമിനിസത്തിൻ്റെ  മുഖ്യലക്ഷ്യം സ്ത്രീകൾക്കുള്ള വോട്ടവകാശവും അഭിപ്രായ സ്വാതന്ത്ര്യവും നേടിയെടുക്കലായിരുന്നു.പുരുഷൻ്റെ ഇണ സ്ത്രീയെന്ന പ്രകൃതിനിയമത്തെ തട്ടിത്തെറിപ്പിച്ച് കൊണ്ട് സ്ത്രീക്ക് എന്തുകൊണ്ട് സ്ത്രീയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടു കൂടാ എന്ന മൂഢ ചിന്താഗതിയെ ഉയർത്തിപ്പിടിച്ച ലെസ്ബിയൻ ഫെമിനിസം വരെ ഇതിനിടെ വളർച്ച പ്രാപിച്ചു. ഇടക്കാലത്തെപ്പഴോ ഇത്തരം ചിന്താധാരകൾ ഇസ്ലാമിൻ്റെ നിയമവ്യവസ്ഥകളിലേക്ക് കടന്നു കയറി. അങ്ങനെ ഇസ്ലാമിക് ഫെമിനിസവും രൂപാന്തരപ്പെട്ടു. ഇസ്ലാമിലെ നിയമങ്ങളിൽ പലതും പുരുഷ മേൽക്കോയ്മയുടെ ഫലമാണെന്ന് ചൂണ്ടി കാണിച്ച ഇവർ ഖുർആനിനെ 'പുനർവ്യാഖ്യാനം ' നടത്തി. അവരുടെ ഭാഷയിൽ പുരുഷൻ്റെ 'കൈ കടത്തലു'കളില്ലാത്ത ഒരു 'സ്ത്രീപക്ഷ' വായന!?
         ജൂതമതം, ക്രിസ്തുമതം തുടങ്ങി ലോകത്ത് നിലനിൽക്കുന്ന സർവ്വ മതങ്ങളും സംസ്കാരങ്ങളും സ്ത്രീക്ക് ഒട്ടും പ്രാധാന്യം കൽപ്പിക്കാതിരുന്നിട്ടും സ്ത്രീയുടെ കാൽക്കീഴിലാണ് സ്വർഗ്ഗമെന്ന് പ്രഖ്യാപിച്ച ഒരു മതം മാത്രം എന്തു കൊണ്ട് പുരുഷ മേൽക്കോയ്മയുടെ പിടിയിലെന്ന വാദമുയർന്നു? ബൈബിളിലും തോറയിലും സ്ത്രീവിരുദ്ധമായ പല പ്രസ്താവനകളുമുണ്ടായിട്ടും ജൂത ഫെമിനിസമോ ക്രിസ്റ്റ്യൻ ഫെമിനിസമോ ലോകത്ത് രൂപാന്തരം പ്രാപിക്കാതിരിക്കാൻ എന്തായിരുന്നു കാരണം? അതു തന്നെയാണ് ഇസ്ലാമോ ഫോബിയയുടെ വറച്ചട്ടയിൽ വറുത്തെടുത്ത ഒരു പുതിയ വിഭവമായിരിക്കണം ഇസ്ലാമിക് ഫെമിനിസവുമെന്ന് ചിന്തിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്. കാരണം മറ്റൊന്നുമല്ല ,ഇസ്ലാമിക് ഫെമിനിസ്റ്റുകളെന്ന പേരിൽ ഉയർന്നു വന്നവരെല്ലാം പാശ്ചാത്യരോ പാശ്ചാത്യ രാജ്യങ്ങളിൽ വളർന്ന് വിദ്യഭ്യാസം നേടിയവരോ, പശ്ചാത്യ ചിന്തകളിൽ സ്വധീനിക്കപ്പെട്ടവരോ ആണെന്ന് കാണാം.ഇസ്ലാമിലെ സ്ത്രീക്ക് അവകാശം നേടികൊടുക്കുക എന്നൊരു മറ പിടിച്ച് ഇസ്ലാമിനെ വികലമാക്കുക എന്നതിലുപരി മറ്റൊരു ലക്ഷ്യവും ഇതിനു പിന്നിലുണ്ടാവില്ല തന്നെ. എന്തെന്നാൽ, ഇസ്ലാം എക്കാലത്തും ഇതരമതങ്ങളുടെ പേടിസ്വപ്നമായിരുന്നെന്ന കാര്യം ചരിത്രത്തിൻ്റെ ഏടുകളിൽ ഉല്ലേഖനം ചെയ്യപ്പെട്ട വസ്തുതയത്രേ. ആ ഏടുകളെ ഒന്നവലോകനം ചെയ്യേണ്ടത് അനിവാര്യതയാണ് താനും.വാക്കുകളിവിടെ അവസാനിക്കുന്നില്ല. കടലാസു കഷ്ണങ്ങൾ ജീവസ്സുറ്റ അക്ഷരങ്ങളെ പുൽകാനായ് കാതോർത്തിരിക്കുകയാണ്. മഷിയൊഴുക്കി തൂലിക തളർന്നിട്ടുമില്ല....

(തുടരും)

Thursday, July 9, 2020

ഇസ്ലാമിക് ഫെമിനിസം;ഒരു പുനർവായന


ഞാനൊരു വഫിയ്യയാണ്; ഒപ്പം ഒരു ഫെമിനിസ്റ്റും
- Raseena Wafiyya Thathrampally -

ഈ തലവാചകം നിങ്ങളിലുണർത്തുന്ന ആകാംക്ഷ എത്രത്തോളമാണെന്നറിയാം. പരിശുദ്ധ ഖുർആൻ മുഴുവൻ വിശദീകരണ സഹിതം പഠനം നടത്തിയ ആറായിത്തിൽപരം പ്രവാചക വചനങ്ങളിലൂടെ കണ്ണോടിച്ച ഒരു മതബിരുധധാരിണിക്ക് എങ്ങനെ ഒരു ഫെമിനിസ്റ്റാകാനാവും? ഉത്തരം  മറ്റൊന്നുമല്ല ,ഇവയെല്ലാം തന്നെയാണ് എന്നെ ഒരു ഫെമിനിസ്റ്റാക്കിത്തീർത്തത് എന്നതാണ്. അതെ, ഞാനൊരു ഫെമിനിസ്റ്റാണ്.ഖുർആനിക വചനങ്ങൾക്ക് 'നൂതന' വ്യാഖ്യാനങ്ങൾ നെയ്തെടുത്ത് ഇസ്ലാമിനെ ഒരു സ്ത്രീപക്ഷ വായന നടത്താൻ 'ശ്രമിച്ച ' ആമിന വദൂദിൻ്റെയോ ജിഹ്വയും തൂലികയമുയർത്തി അത്തരം ചിന്തകളെ ലോകത്ത് വെള്ളവും വളവുമിട്ട് വളർത്തിയ ഫാത്തിമ മെർനീസ്സിയുടേയോ അസ്മാ ബർലാസിൻ്റെയോ മുഖവും മനസ്സും തുറന്നിട്ട് മുസ്ലീം സ്ത്രീയുടെ ലജ്ജയെ പാടെ തുടച്ചു മാറ്റാൻ ശ്രമിച്ച ഖദീജ മുംതസിൻ്റെയോ ഇന്നിൻ്റെ തരംഗമായി മാറിയ ജാമിദ ടീച്ചറുടെയോ പിൻഗാമിയായിട്ടല്ല. മറിച്ച്, സ്ത്രീക്ക് ജീവിക്കാൻ പോലും അവകാശം കൊടുക്കാതിരുന്ന ഒരു കാലഘട്ടത്തിൽ അവളുടെ കാൽചുവട്ടിൽ സ്വർഗ്ഗം വെച്ച് കൊടുത്ത് അവളെ ആദരിച്ച, വിമർശകരുടെ കണ്ണിൽ കരടായിരിക്കെത്തന്നെ ലോക രാൽ മുഴുവൻ അംഗീകരിക്കപ്പെട്ട മഹത് വ്യക്തിത്വം  മുഹമ്മദ്(സ്വ)യുടെയും വാഗ് വൈഭവവും  ഗ്രാഹ്യശക്തിയും കൊണ്ട് ഒരു സമുദായത്തിൻ്റെ തന്നെ വിജ്ഞാന സ്രോതസ്സായി മാറിയ പത്നി ആയിശ(റ)ടേയും പിൻഗാമിയായിട്ട്....
             'ഫെമിനിസ'മെന്ന പദത്തിന് സ്ത്രീയുടെ അവകാശങ്ങൾ അംഗീകരിച്ചു കൊടുക്കുന്ന പ്രത്യയശാസ്ത്രമെന്നാണ് അർത്ഥമെങ്കിൽ 'ഫെമിനിസ്റ്റ് ' എന്ന വിളിപ്പേരിന് മുഹമ്മദ് (സ്വ)യേക്കാൾ യോഗ്യനായ മറ്റൊരാളില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം സ്ത്രീ മനുഷ്യവർഗ്ഗത്തിൽ പെട്ടതാണോ എന്ന ചർച്ച വരെ പിൽക്കാലത്ത്  പുരോഗമനത്തിൻ്റെ പറുദീസകളായ യൂറോപ്യൻ രാജ്യങ്ങളിൽ വരെ നടന്നിട്ടുണ്ടെങ്കിൽ മുഹമ്മദ് (സ്വ)യല്ലാതെ മറ്റാരാണ് ലോകത്ത് സ്ത്രീ ശാക്തീകരണത്തിന് തുടക്കം കുറിച്ചത്? എന്നിട്ടും സ്ത്രീയുടെ അവകാശങ്ങൾ നിഷേധിക്കുന്നുവെന്ന പേരിൽ മറ്റേതു മതത്തേക്കാളും ഇസ്ലാം മതം വിമർശനങ്ങളേൽക്കേണ്ടി വരുന്നു എന്നത് ആശ്ചര്യകരം തന്നെ

     വാസ്തവത്തിൽ,ഫെമിനിസ്റ്റുകൾക്ക് തെറ്റുപറ്റിയത് 'സ്ത്രീ - പുരുഷ തുല്യത ' എന്ന അവരുടെ ശക്തമായ നിലപാടിലാണ്‌.തികച്ചും വ്യത്യസ്തമായ ജൈവിക -മാനസിക ഘടനകളുള്ള രണ്ടു സൃഷ്ടികൾക്ക് തുല്യത നടപ്പിലാക്കുക എന്നത് ക്ലേശകരമാണ്. എന്നല്ല, ഒരിക്കലും പ്രായോഗികമാകാത്ത ഒരു ഉട്ടോപ്യൻ ചിന്താഗതിയാണതെന്ന് വേണം പറയാൻ. അപ്പോൾ പിന്നെ അങ്ങനെയൊക്കെ വായിട്ട് കീറാൻ അവരെ പ്രേരിപ്പിക്കുന്ന ഒരു വസ്തുതയുണ്ടാകുമല്ലോ ? ആ വസ്തുതയെന്തെന്ന്  ഒരു പഠനം നടത്തുക തന്നെ വേണം .അത്തരമൊരു പഠനത്തിലേക്കുള്ള ഒരു ചുവടുവെപ്പ്. വിമർശനങ്ങളേറെയുണ്ടാകുമെന്നറിയാം. ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. നിഷ്പക്ഷമായി ചിന്തിക്കാനും അതിലൂടെ തിരച്ചറിവ് നേടാനും നിങ്ങളിലൊരാൾക്കെങ്കിലുമിത് സഹായകമാകുമെങ്കിൽ ഏത് വിമർശനങ്ങളേയും നേരിടാൻ സജ്ജമാണീ തൂലിക,അതിലുപരി പകർന്നു നൽകപ്പെട്ട പ്രചോദനങ്ങളും. വായിക്കുക, ചിന്തിക്കുക, പ്രതികരിക്കാം, വിമർശിക്കാം....
                                                      (തുടരും)





























ഇസ്ലാമിക് ഫെമിനിസം;ഒരു പുനർവായന -3

വഴിവിട്ട പുരോഗമനവാദം ;ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്?! തുല്യനീതി  എന്ന് പൊതുവിൽ  അർത്ഥമുള്ള ഫെമിനിസം ഇടക്കാലത്തെപ്പോഴോ സ്ത്രീ-ശാക്തീകരണത്തിന...